Tuesday, November 3, 2015

അണഞ്ഞു പോവതിൻ മുൻപേ

ഇനിയും തെളിഞ്ഞു കത്തണമെന്നുണ്ട്
പക്ഷേ ഉള്ളിലെയഗ്നിയിൽ
ചോര പെയ്തു നനഞ്ഞേ പോയ്
ഇനിയുമുണർന്നു പാടണമെന്നുണ്ട്
പക്ഷേ കണ്ഠനാളത്തിൽ
ഗദ്ഗദം വിങ്ങിത്തകർന്നേ പോയ്
അഭിശപ്തജന്മത്തിനു വായ്ക്കരിയിട്ടെന്റെ
ജീവന്റെ ജീവനും കൊണ്ട് പ്രാണനും പോയ്
ഓർമ്മയിൽ, ജീവനിൽ,
പ്രപഞ്ചത്തിലെല്ലാം പരതിയപ്പോൾ
ഇരുൾ വീണ ജീവിത വഴിയിൽ തടഞ്ഞ
വാക്കുകളിതു മാത്രം, ശുഭയാത്ര!
ഇനി വരും നിശകളിൽ
കുളിരിൽ നീ പുതയ്ക്കാതിരിക്കുക
ഇനിയും സ്നേഹിച്ചു കൊതിതീരാതെയണഞ്ഞു പോയ
ഒരാത്മാവു നിന്നെ പൊതിയുന്നതാണത്
ഉഷ്ണമെന്നു നിനച്ചെന്നെ വീശിയകറ്റാതിരിക്കുക
ഗതനൊമ്പരങ്ങളിൽ വെന്തു നീറുന്ന
ഒരാത്മാവിന്റെ നിശ്വാസച്ചൂടാണത്
ദലമർമ്മരങ്ങളിൽ, വനസംഗീതത്തിൽ
വിരസനിമിഷങ്ങളിൽ സമയം ലഭിച്ചാൽ
കാതോർക്കുക
കണ്ണനെ മാടി വിളിക്കുന്ന,
നീയറിയാതെ നിന്റെ കാൽ തട്ടിത്തകർന്ന
എന്റെ ഹൃദയവേണുപാടിത്തീർക്കുന്ന
മംഗളഗാനം കേൾക്കാം
പൊട്ടിത്തകർന്നു പോയ പാഴ്മുളയെങ്കിലും
നീയതിനു ചെവി കൊടുക്കാതെ പോകരുത്
ഒരു ജീവായുസ്സു മുഴുവൻ നിന്നെയോർത്തു പാടിയ
മുളം തണ്ടാണത്
ദുർബ്ബലമെങ്കിലും,
ഈ മുളം തണ്ടിൽ തട്ടിയ കുഞ്ഞു തെന്നലിൽ
എന്നൊക്കെയോ കിതപ്പാറ്റിയ സന്തോഷ സ്മരണകളാൽ
നീയെനിക്കൊരു സ്മാരകം പണിയുക
അധിനിവേശങ്ങളാൽ വീണ്ടും തകർക്കാതെ
അതു നീ സ്വകാര്യമായി സൂക്ഷിക്കുക
ഇനി ഞാൻ പോകട്ടെ...
നിന്നെയോർത്തു നൊന്തു പാടാൻ
ഒരു ജീവിതമുണ്ടായിരുന്നു എന്ന കൃതാർത്ഥതയോടെ...
ഒരു പിൻവിളി പ്രതീക്ഷിക്കാതെ...
വിട നൽകുക പ്രാണനേ...

© കാവാലം ജയകൃഷ്ണൻ

No comments: