Thursday, May 9, 2013

കൊയ്തൊഴിവ്...



മണ്ണിനോടു പടവെട്ടി
പൊന്നു കൊയ്തവരുടെ മക്കള്‍
മണ്ണിന്റെ പൊന്‍ നിറം കണ്ട്
മണ്ണാണ് പൊന്നെന്നു കരുതി
മണ്ണായ മണ്ണെല്ലാം കൊയ്തെടുത്തു

പിന്നെ വന്ന മക്കളെല്ലാം
മണ്ണുവറ്റി,നീര്‍ വറ്റി,
നനവു വറ്റിയ നദിയെ നോക്കി
നദിയുടെയും, കരയുടെയും
നാനാര്‍ത്ഥങ്ങള്‍ക്കു കാതോര്‍ത്തപ്പോള്‍
ഒരു കുപ്പി വെള്ളത്തിന്
അമേരിക്കയിലേക്ക് ഫാക്സയച്ചു
കാത്തിരിക്കുകയായിരുന്നു കാര്‍ന്നോര്‍...


© ജയകൃഷ്ണന്‍ കാവാലം

Monday, April 8, 2013

രാഷ്ട്രീയം

വാക്കുകളുടെ ദുര്‍ഗന്ധം,
തെരുവുകളുടെ ചെളിനനവുള്ള
എന്റെ കുപ്പായത്തെ 
വെറുമൊരു തുണി മാത്രമാക്കിയപ്പോള്‍
വഴിയരികില്‍,
ഭിക്ഷക്കു ബലമേകിയ കാലിന്റെ കാപട്യം
ഒരു പുഞ്ചിരിക്കും കൂപ്പുകൈക്കും മുന്‍പില്‍
ലജ്ജിച്ചു നിന്നപ്പോള്‍...
ഇങ്ങനെ കുറേ ബോധോദയങ്ങളുടെ പാരമ്യതയില്‍
യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിഞ്ഞ നിമിഷം
ആ നിമിഷം മുതലാണ് ഞാനൊരു രാഷ്ട്രീയക്കാരനായത്...