Sunday, March 20, 2011

മടക്കയാത്ര

ഞാൻ എന്നിലേക്കു മടങ്ങുന്നു
എന്നെ പുൽകിയ കുഞ്ഞോളങ്ങളിലേക്ക്
എന്റെ ബാല്യ കൌമാരങ്ങളിലേക്ക്
സ്നേഹം വിതച്ചു, നോവുകൾ കൊയ്ത
വിശാലമായ പാടവരമ്പുകളിലേക്ക്

ധൂമ്രപടലങ്ങൾ നിറഞ്ഞ മണൽക്കാടുകളിൽ
വരണ്ട മനസ്സുകളും, ഇരുണ്ട ചിന്തകളുമുള്ള
പ്രവാസത്തടവറയുടെ ചുവരുകൾ ഭേദിച്ച്
ഞാനെന്റെ പച്ചപ്പിലേക്കു പ്രത്യാശയോടെ മടങ്ങുന്നു

ഞാൻ നട്ടു പോറ്റിയ മരങ്ങളെല്ലാം
തായ്‌വേരറുക്കപ്പെട്ട്,
ദാരുശില്പങ്ങളും, ശയനമഞ്ചങ്ങളുമായി
കണ്ടവന്റെ പ്രതാപത്തിന്റെ
മൂകസാക്ഷികളായി
വ്യർത്ഥജന്മത്തെ ശപിച്ചു കഴിയുന്നുണ്ടാവാം

എങ്കിലും ഞാൻ പ്രതീക്ഷയോടെ മടങ്ങുന്നു
മനുഷ്യനായി മരിക്കുവാനെങ്കിലും
മൃഗജീവിതത്തിന്റെ തോൽക്കുപ്പായം വലിച്ചു കീറി
എന്റെ മനുഷ്യത്വത്തിന്റെ നനഞ്ഞ നീർച്ചാലിലേക്ക്...
എന്റെ കണ്ണുനീരിലേക്ക് മടങ്ങുന്നു

ഞാൻ നടന്നു കയറിയ കുന്നുകൾ
എന്റെ നഗ്നപാദങ്ങൾക്ക് വഴി തെളിച്ച
കരിയില കഥ പറയുന്ന കുഞ്ഞിട വഴികൾ
നൊമ്പരം പൂവിട്ട നിശാഗന്ധികൾ
ഇവയൊന്നുമില്ലാത്ത
ആഗോളവൽ‌കൃത ഗ്രാമമെങ്കിലും
അവളുടെ ആത്മാവിലേക്ക് ഞാൻ മടങ്ങുന്നു

അവിടെ,
എന്റെ ഗ്രാമത്തിലെനിക്കൊരു ജോലിയുണ്ടാവും
കോൺ‌ക്രീറ്റ് ഫലകങ്ങളുടെ
അലങ്കാര ഭാരത്താൽ വീർപ്പുമുട്ടുന്ന
അവളുടെ സ്തനദ്വയങ്ങൾ തിരഞ്ഞ്
വരണ്ട മുലയിൽ നിന്നും
പഴമയുടെ രസാമൃതം തിരയുന്ന
ജോലി ഞാൻ ചെയ്യും

© ജയകൃഷ്ണൻ കാവാലം