Tuesday, November 3, 2015

അണഞ്ഞു പോവതിൻ മുൻപേ

ഇനിയും തെളിഞ്ഞു കത്തണമെന്നുണ്ട്
പക്ഷേ ഉള്ളിലെയഗ്നിയിൽ
ചോര പെയ്തു നനഞ്ഞേ പോയ്
ഇനിയുമുണർന്നു പാടണമെന്നുണ്ട്
പക്ഷേ കണ്ഠനാളത്തിൽ
ഗദ്ഗദം വിങ്ങിത്തകർന്നേ പോയ്
അഭിശപ്തജന്മത്തിനു വായ്ക്കരിയിട്ടെന്റെ
ജീവന്റെ ജീവനും കൊണ്ട് പ്രാണനും പോയ്
ഓർമ്മയിൽ, ജീവനിൽ,
പ്രപഞ്ചത്തിലെല്ലാം പരതിയപ്പോൾ
ഇരുൾ വീണ ജീവിത വഴിയിൽ തടഞ്ഞ
വാക്കുകളിതു മാത്രം, ശുഭയാത്ര!
ഇനി വരും നിശകളിൽ
കുളിരിൽ നീ പുതയ്ക്കാതിരിക്കുക
ഇനിയും സ്നേഹിച്ചു കൊതിതീരാതെയണഞ്ഞു പോയ
ഒരാത്മാവു നിന്നെ പൊതിയുന്നതാണത്
ഉഷ്ണമെന്നു നിനച്ചെന്നെ വീശിയകറ്റാതിരിക്കുക
ഗതനൊമ്പരങ്ങളിൽ വെന്തു നീറുന്ന
ഒരാത്മാവിന്റെ നിശ്വാസച്ചൂടാണത്
ദലമർമ്മരങ്ങളിൽ, വനസംഗീതത്തിൽ
വിരസനിമിഷങ്ങളിൽ സമയം ലഭിച്ചാൽ
കാതോർക്കുക
കണ്ണനെ മാടി വിളിക്കുന്ന,
നീയറിയാതെ നിന്റെ കാൽ തട്ടിത്തകർന്ന
എന്റെ ഹൃദയവേണുപാടിത്തീർക്കുന്ന
മംഗളഗാനം കേൾക്കാം
പൊട്ടിത്തകർന്നു പോയ പാഴ്മുളയെങ്കിലും
നീയതിനു ചെവി കൊടുക്കാതെ പോകരുത്
ഒരു ജീവായുസ്സു മുഴുവൻ നിന്നെയോർത്തു പാടിയ
മുളം തണ്ടാണത്
ദുർബ്ബലമെങ്കിലും,
ഈ മുളം തണ്ടിൽ തട്ടിയ കുഞ്ഞു തെന്നലിൽ
എന്നൊക്കെയോ കിതപ്പാറ്റിയ സന്തോഷ സ്മരണകളാൽ
നീയെനിക്കൊരു സ്മാരകം പണിയുക
അധിനിവേശങ്ങളാൽ വീണ്ടും തകർക്കാതെ
അതു നീ സ്വകാര്യമായി സൂക്ഷിക്കുക
ഇനി ഞാൻ പോകട്ടെ...
നിന്നെയോർത്തു നൊന്തു പാടാൻ
ഒരു ജീവിതമുണ്ടായിരുന്നു എന്ന കൃതാർത്ഥതയോടെ...
ഒരു പിൻവിളി പ്രതീക്ഷിക്കാതെ...
വിട നൽകുക പ്രാണനേ...

© കാവാലം ജയകൃഷ്ണൻ

അന്നും ഇന്നും

അന്ന്...
എന്നെക്കാൾ ഞാൻ നിന്റെ അച്ഛനെ സ്നേഹിച്ചതു കൊണ്ട്...
\നിന്നോടുള്ള സ്നേഹം ഞാനെന്റെ നെഞ്ചിൽ കുഴിച്ചു മൂടി...
ഇന്ന്...
വെട്ടേറ്റു മുറിഞ്ഞ ഇടനെഞ്ചിലൂടെ കിനിഞ്ഞിറങ്ങിയ രക്തത്തുള്ളികളോരോന്നിലും
 നിന്റെ രൂപം പ്രതിഫലിക്കുമ്പോൾ,
എനിക്ക് എന്നെ എന്നേ നഷ്ടപ്പെട്ടത് ഞാൻ തിരിച്ചറിയുന്നു...
പണ്ടേ മരിച്ചവന്റെ നിസ്സംഗതയോടെ...

© കാവാലം ജയകൃഷ്ണൻ

ഒസ്യത്ത്

അവസാനം...
ഞാനുറങ്ങുന്നിടത്തൊരു ഭഗവദ്ധ്വജമുയരണം
അവിടെയെന്നും സംഘഗീതം മുഴങ്ങണം
അർത്ഥശൂന്യമായ വിലാപങ്ങളല്ലാതെ
ദേശഭക്തിയുടെ അമരഗീതം തളിർക്കണം
നഷ്ടത്തിന്റെ പരിദേവനങ്ങളില്ലാത്ത
ദുഃഖത്തിന്റെ നെടുവീർപ്പുകളില്ലാത്ത
ആ സർഗ്ഗഭൂമികയിൽ
പുനരുജ്ജീവനത്തിന്റെ ശംഖൊലി മുഴങ്ങണം
രാഷ്ട്രപുനർനിർമ്മിതിക്കായ് ശപഥങ്ങൾ മുഴങ്ങണം
ദിവ്യമാം സ്നേഹത്തിൻ അനശ്വരഗായകനായി
എനിക്കെന്നെന്നും അവിടെ അവശേഷിക്കണം...
അതിനായെന്റെ മനസ്സും, ഞാനലിഞ്ഞു ചേരുന്ന മണ്ണും
സംഘമഹാവൃക്ഷത്തിന്നടിവളമാവട്ടെ...
ഭാരതമക്കളല്ലാതെ...
എനിക്ക് വേറെ അവകാശികളില്ലാത്തതാകുന്നു...

© കാവാലം ജയകൃഷ്ണൻ

Thursday, May 9, 2013

കൊയ്തൊഴിവ്...



മണ്ണിനോടു പടവെട്ടി
പൊന്നു കൊയ്തവരുടെ മക്കള്‍
മണ്ണിന്റെ പൊന്‍ നിറം കണ്ട്
മണ്ണാണ് പൊന്നെന്നു കരുതി
മണ്ണായ മണ്ണെല്ലാം കൊയ്തെടുത്തു

പിന്നെ വന്ന മക്കളെല്ലാം
മണ്ണുവറ്റി,നീര്‍ വറ്റി,
നനവു വറ്റിയ നദിയെ നോക്കി
നദിയുടെയും, കരയുടെയും
നാനാര്‍ത്ഥങ്ങള്‍ക്കു കാതോര്‍ത്തപ്പോള്‍
ഒരു കുപ്പി വെള്ളത്തിന്
അമേരിക്കയിലേക്ക് ഫാക്സയച്ചു
കാത്തിരിക്കുകയായിരുന്നു കാര്‍ന്നോര്‍...


© ജയകൃഷ്ണന്‍ കാവാലം

Monday, April 8, 2013

രാഷ്ട്രീയം

വാക്കുകളുടെ ദുര്‍ഗന്ധം,
തെരുവുകളുടെ ചെളിനനവുള്ള
എന്റെ കുപ്പായത്തെ 
വെറുമൊരു തുണി മാത്രമാക്കിയപ്പോള്‍
വഴിയരികില്‍,
ഭിക്ഷക്കു ബലമേകിയ കാലിന്റെ കാപട്യം
ഒരു പുഞ്ചിരിക്കും കൂപ്പുകൈക്കും മുന്‍പില്‍
ലജ്ജിച്ചു നിന്നപ്പോള്‍...
ഇങ്ങനെ കുറേ ബോധോദയങ്ങളുടെ പാരമ്യതയില്‍
യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിഞ്ഞ നിമിഷം
ആ നിമിഷം മുതലാണ് ഞാനൊരു രാഷ്ട്രീയക്കാരനായത്...

Sunday, March 20, 2011

മടക്കയാത്ര

ഞാൻ എന്നിലേക്കു മടങ്ങുന്നു
എന്നെ പുൽകിയ കുഞ്ഞോളങ്ങളിലേക്ക്
എന്റെ ബാല്യ കൌമാരങ്ങളിലേക്ക്
സ്നേഹം വിതച്ചു, നോവുകൾ കൊയ്ത
വിശാലമായ പാടവരമ്പുകളിലേക്ക്

ധൂമ്രപടലങ്ങൾ നിറഞ്ഞ മണൽക്കാടുകളിൽ
വരണ്ട മനസ്സുകളും, ഇരുണ്ട ചിന്തകളുമുള്ള
പ്രവാസത്തടവറയുടെ ചുവരുകൾ ഭേദിച്ച്
ഞാനെന്റെ പച്ചപ്പിലേക്കു പ്രത്യാശയോടെ മടങ്ങുന്നു

ഞാൻ നട്ടു പോറ്റിയ മരങ്ങളെല്ലാം
തായ്‌വേരറുക്കപ്പെട്ട്,
ദാരുശില്പങ്ങളും, ശയനമഞ്ചങ്ങളുമായി
കണ്ടവന്റെ പ്രതാപത്തിന്റെ
മൂകസാക്ഷികളായി
വ്യർത്ഥജന്മത്തെ ശപിച്ചു കഴിയുന്നുണ്ടാവാം

എങ്കിലും ഞാൻ പ്രതീക്ഷയോടെ മടങ്ങുന്നു
മനുഷ്യനായി മരിക്കുവാനെങ്കിലും
മൃഗജീവിതത്തിന്റെ തോൽക്കുപ്പായം വലിച്ചു കീറി
എന്റെ മനുഷ്യത്വത്തിന്റെ നനഞ്ഞ നീർച്ചാലിലേക്ക്...
എന്റെ കണ്ണുനീരിലേക്ക് മടങ്ങുന്നു

ഞാൻ നടന്നു കയറിയ കുന്നുകൾ
എന്റെ നഗ്നപാദങ്ങൾക്ക് വഴി തെളിച്ച
കരിയില കഥ പറയുന്ന കുഞ്ഞിട വഴികൾ
നൊമ്പരം പൂവിട്ട നിശാഗന്ധികൾ
ഇവയൊന്നുമില്ലാത്ത
ആഗോളവൽ‌കൃത ഗ്രാമമെങ്കിലും
അവളുടെ ആത്മാവിലേക്ക് ഞാൻ മടങ്ങുന്നു

അവിടെ,
എന്റെ ഗ്രാമത്തിലെനിക്കൊരു ജോലിയുണ്ടാവും
കോൺ‌ക്രീറ്റ് ഫലകങ്ങളുടെ
അലങ്കാര ഭാരത്താൽ വീർപ്പുമുട്ടുന്ന
അവളുടെ സ്തനദ്വയങ്ങൾ തിരഞ്ഞ്
വരണ്ട മുലയിൽ നിന്നും
പഴമയുടെ രസാമൃതം തിരയുന്ന
ജോലി ഞാൻ ചെയ്യും

© ജയകൃഷ്ണൻ കാവാലം

Saturday, October 30, 2010

ഇനിയും മരിക്കാനിരിക്കുന്ന കവികളോട്‌

ഒരു വെടിയൊച്ചക്കു ഞാന്‍ കാതോര്‍ക്കുന്നു
തെരുവിന്‍റെ ആരവങ്ങള്‍ മാറ്റൊലിക്കൊണ്ട
എന്‍റെ കര്‍ണ്ണപുടങ്ങളില്‍
അതു വന്നു പതിക്കുമ്പൊഴെങ്കിലും
എനിക്കു തിരിച്ചറിയാമല്ലോ
എന്‍റെ സ്വാതന്ത്ര്യം
നിങ്ങളെനിക്കു തിരികെ നല്‍കിയെന്ന്
വെയിലു തിന്നഗ്നിതുപ്പിയ എന്‍റെ
സിരകളിലിനിമേല്‍ ലഹരി നുരയില്ലയെങ്കിലും
പ്രഹരമേല്‍‍പ്പിക്കുമെന്‍ വാക്കുകള്‍
ബാക്കിയുള്ളവ പകരുന്നു
ഇനിയും മരിക്കാനിരിക്കുന്ന കവികളേ
കരുതിയിരിക്കുക... സര്‍ക്കാരിനെ
ജീവനെടുക്കുന്ന യന്ത്രവും പേറി അവര്‍ വരും
നിങ്ങള്‍ മരിക്കുമ്പോള്‍
മരിക്കാത്ത കവിതകള്‍ ചിറകു വീശിപ്പറക്കുന്ന
വിഹായസ്സിലേക്ക്...
ഒന്ന് രണ്ട് മൂന്ന്... എണ്ണിയെണ്ണി നിറയൊഴിക്കുവാന്‍
കവിതകള്‍ ഇനിയും അവശേഷിക്കുമെങ്കില്‍
അടുത്ത കവിയുടെ മരണം വരെ അവര്‍ കാത്തിരിക്കും...

© ജയകൃഷ്ണന്‍ കാവാലം

തീപ്പുഴ

ഞാന്‍ മരുഭൂമിയുടെ അടിയിലൂടെ
തീപ്പുഴയായി ഒഴുകുന്നുണ്ട്
മണ്ണിലാഴുന്ന ഒട്ടകക്കുളമ്പുകള്‍
എന്‍റെ നെഞ്ചിനെ വല്ലാതെ ഞെരുക്കുന്നുണ്ട്
പരിഭവമില്ലാത്ത എന്‍റെ വേദനകള്‍ക്ക്
ഒരു വരള്‍ച്ചയുടെ സൌന്ദര്യമുണ്ട്
എങ്കിലും എന്നിലെ ഓരോ തുള്ളിയും
കടലേ കടലേ എന്ന് തപിക്കുന്നു
അഗ്നിവാഹിനിയെങ്കിലും
ഓരോ പുഴകള്‍ക്കുമില്ലേ
കടലിനെ പുല്‍‍കാന്‍,
തന്‍റെ കൂടണയുവാന്‍ മോഹം...

© ജയകൃഷ്ണന്‍ കാവാലം